- Trending Now:
ഓരോ പഞ്ചായത്തുകളിലും വ്യവസായ പാർക്കുകൾ ആരംഭിക്കുന്നതിന് പ്രോത്സാഹനം നൽകും
വ്യവസായ സൗഹൃദ അന്തരീക്ഷം അടിസ്ഥാനമാക്കി തദ്ദേശസ്ഥാപനങ്ങൾക്ക് പുരസ്‌കാരം ഏർപ്പെടുത്തും. ഓരോ തദ്ദേശ സ്ഥാപനത്തിലും സൃഷ്ടിക്കപ്പെടുന്ന തൊഴിലവസരങ്ങൾ, പുതിയ വ്യവസായ സ്ഥാപനങ്ങളുടെ എണ്ണം, വ്യവസായ സ്ഥാപനങ്ങളിൽ നിന്നുള്ള തനതു വരുമാനത്തിലെ വർധനവ് എന്നിവയെ അടിസ്ഥാനമാക്കിയായിരിക്കും പുരസ്‌കാരം നിർണയിക്കുക. സംസ്ഥാനത്തെ ഗ്രാമ പഞ്ചായത്ത് സെക്രട്ടറിമാർ, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർമാർ എന്നിവർ പങ്കെടുത്ത ഓൺലൈൻ യോഗത്തിൽ വ്യവസായ മന്ത്രി പി.രാജീവ്, തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ എന്നിവരാണ് ഇത് അറിയിച്ചത്.
ഓരോ പഞ്ചായത്തുകളിലും വ്യവസായ പാർക്കുകൾ ആരംഭിക്കുന്നതിന് പ്രോത്സാഹനം നൽകും. സ്വകാര്യ വ്യവസായ പാർക്കുകൾ വികസിപ്പിക്കാൻ കഴിഞ്ഞ സർക്കാർ അനുവാദം നൽകിയിരുന്നു. ഈ മാതൃകയിൽ തദ്ദേശസ്ഥാപനങ്ങൾ സ്വകാര്യ വ്യവസായ പാർക്കുകൾ ആരംഭിക്കുന്നതിന് മുൻകൈയെടുക്കണമെന്ന് വ്യവസായ മന്ത്രി പറഞ്ഞു.
സംസ്ഥാനത്തിന്റെ സമ്പദ് വ്യവസ്ഥ ശക്തിപ്പെടുത്തുന്നതിനും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും തദ്ദേശസ്ഥാപനങ്ങൾ വ്യവസായ സംരംഭകരോട് സൗഹാർദ്ദപരമായി ഇടപെടണമെന്ന് മന്ത്രിമാർ നിർദ്ദേശിച്ചു.
വ്യവസായ സംരംഭങ്ങൾക്ക് സംസ്ഥാന തലത്തിൽ നിലവിലുള്ള ഇളവുകളും ഏകജാലക സൗകര്യങ്ങളും തദ്ദേശസ്ഥാപനങ്ങൾക്ക് പരിചയപ്പെടുത്താൻ കിലയുടെ നേതൃത്വത്തിൽ കൈപ്പുസ്തകം തയ്യാറാക്കും. വ്യവസായ സംരംഭങ്ങൾക്ക് ഏകജാലക സംവിധാനം വഴി അനുമതി നൽകിയാൽ തദ്ദേശസ്ഥാപനങ്ങളും അവ മാനിക്കാൻ ബാധ്യസ്ഥരാണ്. ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് നയത്തിന്റെ ഭാഗമായും നിയമഭേദഗതികളുടെ ഫലമായും വന്നിട്ടുള്ള വ്യവസായ സൗഹ്യദാന്തരീക്ഷത്തിൽ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്ന സമീപനം ഗ്രാമ പഞ്ചായത്തുകൾ സ്വീകരിക്കണമെന്ന് നിർദ്ദേശം നൽകി.മന്ത്രിമാർക്ക് പുറമേ അഡീഷണൽ ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ, വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ.കെ. ഇളങ്കോവൻ എന്നിവരും പങ്കെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.